
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഉയർന്ന ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതോടെ, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം പരിശോധിക്കാൻ നേതൃത്വം തയ്യാറെടുക്കുന്നതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രനേതൃത്വം സൗജന്യമായി നൽകിയ കൊടികളും തോരണങ്ങളും താഴെത്തട്ടിലേക്ക് പണം വാങ്ങി വിറ്റതായും, സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി തുക വർധിപ്പിച്ച് കമ്മീഷൻ കൈപ്പറ്റിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇതിനിടെ, കൊടിതോരണങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ബിജെപി നേതാവിന് കമ്മീഷൻ നൽകിയതായി കമ്പനി പ്രതിനിധി പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വിവാദം കൂടുതൽ ശക്തമാക്കി. പാർട്ടി പണം നൽകുന്നതിന് മുമ്പ് തന്നെ 31 ലക്ഷം രൂപ ഒരു നേതാവിന് കൈമാറിയതായും, ധാരണപ്രകാരം ലഭിക്കേണ്ട 4.65 ലക്ഷം രൂപ ഇതുവരെ കിട്ടാത്തതിനാൽ ബന്ധപ്പെട്ടവരെ വിളിച്ചിട്ടും പ്രതികരണമില്ലെന്നുമാണ് ശബ്ദരേഖയിലെ ആരോപണം.
കരമനയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട ഫ്ലെക്സ് സ്ഥാപിക്കുന്നതിലും കമ്മീഷൻ ഇടപാടുകൾ നടന്നതായി സൂചിപ്പിക്കുന്ന മറ്റൊരു ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു.
പാർട്ടി നിയോഗിച്ച ട്രഷറർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് ദേശീയ നേതൃത്വത്തെ അറിയിക്കുകയും, ആരോപണവിധേയരായ ഒരു സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, വിഷയം നേതൃത്വം മൂടിവെക്കുകയാണെന്ന ആരോപണവും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അടുത്ത കോർ കമ്മിറ്റി യോഗത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് അവരുടെ തീരുമാനം.
വിദേശ സന്ദർശനത്തിലുള്ള സംസ്ഥാന പ്രസിഡന്റ് ജൂലൈ 18ന് മടങ്ങിയെത്തിയ ശേഷം വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയതിന് പിന്നാലെ ഉയർന്ന ഈ ഫണ്ട് വിവാദത്തിൽ ദേശീയ നേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അമർഷമുണ്ട് എന്നാണ് സൂചന.











